വിമാനയാത്രക്കാർക്ക് വൻ തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ സാധ്യതയെന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) വില്ലി വാൽഷ്. വിമാന ഇന്ധനത്തിന്റെ (Aviation Turbine Fuel – ATF) വില സർവ്വകാല റെക്കോർഡിലെത്തിയതാണ് കമ്പനികളെ നിരക്ക് കൂട്ടാൻ നിർബന്ധിതരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിമാനക്കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വില്ലി വാൽഷ് തുറന്നുപറഞ്ഞത്.
വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവിന്റെ ഭാരം പരമാവധി യാത്രക്കാരിലേക്ക് കൈമാറാതെ കമ്പനി തന്നെ വഹിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിരക്ക് കൂട്ടുന്നത് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയേക്കാമെങ്കിലും വിമാനക്കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 32 ശതമാനത്തോളവും ഇന്ധന ചെലവാണ്. അസംസ്‌കൃത എണ്ണയുടെ വിലയും ശുദ്ധീകരിച്ച വിമാന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസം (Crack Spread) മുൻകാലങ്ങളിലെ 22 ശതമാനത്തിൽ നിന്ന് 65 ശതമാനത്തിലേക്ക് ഉയർന്നതാണ് ഇന്ധനവില കുതിച്ചുയരാൻ പ്രധാന കാരണം.
ഇന്ധനവിലയിലുണ്ടായ ഈ അപ്രതീക്ഷിത വർദ്ധനവ് മൂലം ഇൻഡിഗോ 1,900 കോടി രൂപയുടെ (Rs 19 Billion) അറ്റനഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായും സി.ഇ.ഒ വെളിപ്പെടുത്തി. നിലവിൽ വിമാനക്കമ്പനികൾ ഇന്ധന വിലക്കയറ്റം തടയാനുള്ള ‘ഫ്യുവൽ ഹെഡ്ജിംഗ്’ (Fuel Hedging) രീതി സ്വീകരിക്കുന്നില്ലെന്നും നയങ്ങൾ അവലോകനം ചെയ്ത ശേഷം മാത്രമേ ഇതിൽ തീരുമാനം എടുക്കൂ എന്നും അദ്ദേഹം അറിയിച്ചു.
ഇതിനുപുറമെ, രാജ്യത്തെ വിമാനത്താവളങ്ങൾ ഈടാക്കുന്ന ഉയർന്ന ചാർജുകളും വിമാന സർവീസുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിമാനത്താവള ചാർജുകളും ടാക്സുകളും കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോടും എയർപോർട്ട് ഓപ്പറേറ്റർമാരോടും ഇൻഡിഗോ ആവശ്യപ്പെട്ടു. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് സി.ഇ.ഒ അരുൺ ബൻസാലുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും എയർപോർട്ട് നിരക്കുകളിൽ ഇളവ് ലഭിച്ചാൽ മാത്രമേ ഏവിയേഷൻ മേഖലയ്ക്ക് മുന്നോട്ട് പോകാനാകൂ എന്നും വില്ലി വാൽഷ് കൂട്ടിച്ചേർത്തു.











