ഒന്നുകില്‍ വിസ പുതുക്കുക, അല്ലെങ്കില്‍ രാജ്യം വിടുക വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികളില്‍ നിന്നും വരുന്ന സന്ദേശമാണിത്. ഇതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട ഒരു കാര്യവും ഇല്ല. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തുടരുന്നവര്‍ക്ക് നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുകള്‍ നന്നേ കുറവാണ്. ഇത്തരത്തില്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ ട്രാവല്‍ ഏജന്‍സികള്‍ ഒളിവില്‍ പോയെന്ന കുറ്റം (അബ്‌സ്‌കോണ്ടിംഗ് ചാര്‍ജ്) ചുമത്തുകയാണ് ചെയ്യുക.
യഥാര്‍ത്ഥത്തില്‍ വിസിറ്റിംഗ് വിസയുടെ കാലാവധി തീര്‍ന്നിട്ടും യുഎഇയില്‍ തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക? കാലാവധി അവസാനിച്ച് അഞ്ച് ദിവസത്തിനപ്പുറം അബ്‌സ്‌കോണ്ടിംഗ് ബാന്‍ ചുമത്തപ്പെടും. ഇങ്ങനെവന്നാല്‍ ആ വ്യക്തിയെ കരിമ്പട്ടികയില്‍ പെടുത്തുകയും യുഎഇയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. ഇവര്‍ക്കെതിരെ പിഴയും ചുമത്തും. വിസ ആപ്ലിക്കേഷന്‍ പോര്‍ട്ടലുകളിലും അവര്‍ക്ക് നിരോധനമേര്‍പ്പെടുത്തും.
കുറഞ്ഞത് 2,000 ദിര്‍ഹമായിരിക്കും കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടര്‍ന്നാല്‍ പിഴയായി അടക്കേണ്ടി വരിക. ഇത് ഓരോ ദിവസവും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. യുഎഇയില്‍ ഇരുന്നുകൊണ്ട് തന്നെ വിസിറ്റ് വിസ പുതുക്കാനുള്ള സൗകര്യം നിലവിലില്ല. വിസിറ്റ് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പായി യുഎഇയില്‍ നിന്ന് പുറത്തുപോയി പുതിയ വിസയുമായി തിരിച്ചുവരിക മാത്രമേ നിലവില്‍ ചെയ്യാനുള്ളൂ.
അബ്‌സ്‌കോണ്ടിംഗ് ചാര്‍ജ് ചുമത്തപ്പെട്ടാല്‍ പിഴ അടക്കാതെ നിര്‍വ്വാഹമില്ല. അബ്‌സ്‌കോണ്ടിംഗ് യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്. ഈ കുറ്റം ചുമത്തപ്പെട്ടവരെ പോലീസിന് അറസ്റ്റ് ചെയ്യാം.
ട്രാവല്‍ ഏജന്‍സികളാണ് വിസിറ്റ് വിസയിലുള്ളവര്‍ക്കെതിരെ അബ്‌സ്‌കോണ്ടിംഗ് ചാര്‍ജ് ഫയല്‍ ചെയ്യുന്നത്. വിസിറ്റ് വിസയിലുള്ളവരുടെ യുഎഇയിലുള്ള സ്‌പോണ്‍സര്‍മാര്‍ ട്രാവല്‍ ഏജന്‍സികള്‍ ആയതുകൊണ്ടാണത്. കാലാവധി കഴിഞ്ഞിട്ടും സന്ദര്‍ശകര്‍ യുഎഇയില്‍ തുടര്‍ന്നാല്‍ പ്രശ്‌നമുണ്ടാകുക ട്രാവല്‍ ഏജന്‍സികള്‍ക്കാണ്. അവര്‍ അതിന് പിഴ അടക്കേണ്ടതായും വരും. പിഴയ്ക്ക് പുറമേ, കാലാവധി കഴിഞ്ഞ് താമസിക്കുന്ന സന്ദര്‍ശകര്‍ക്ക് ഔട്ട്പാസ് നേടിക്കൊടുക്കുന്നതിന് വേണ്ട പണവും ഏജന്‍സികള്‍ നല്‍കണം. ഇതൊഴിവാക്കാനാണ് ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശകര്‍ക്കെതിരെ അബ്‌സ്‌കോണ്ടിംഗ് ഫയല്‍ ചെയ്യുന്നത്.







