ഭാരതീയർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലത്തെ പരിഹസിച്ച് ചോദ്യമുന്നയിച്ച യുഎസ് സ്വദേശിക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ. ഒരു തെന്നിന്ത്യൻ വിവാഹച്ചടങ്ങിൽ ദമ്പതികൾ കൈകൊണ്ട് പരമ്പരാഗത രീതിയിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ഇവർ എന്തിനാണ് കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത്’ എന്ന് ഫ്ലോറിഡ സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിൽ ചോദിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
ഇതിന് മറുപടിയായി, കഴിക്കാൻ പോകുന്ന ഭക്ഷണത്തെ നേരിട്ട് തൊടാൻ പോലും അറപ്പുണ്ടാവുകയും അതിനായി ലോഹ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ ആ ഭക്ഷണം വായിൽ വെക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നായിരുന്നു സഞ്ജീവ് സന്യാൽ കുറിച്ചത്.
ഒരു ഭക്ഷണത്തെ തൊടാൻ നിങ്ങൾ എത്രത്തോളം തയ്യാറാകുന്നു എന്നത് തന്നെ അത് കഴിക്കാൻ യോഗ്യമാണോ എന്ന് തിരിച്ചറിയാനുള്ള ലളിതമായ പരീക്ഷണമാണെന്ന സന്യാലിന്റെ നിരീക്ഷണം ചുരുങ്ങിയ സമയത്തിനകം ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്. ഭക്ഷണവും സ്പർശനവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ യുക്തിസഹമായി വിശദീകരിച്ച സന്യാലിന്റെ മറുപടിയെ വലിയ കയ്യടിയോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.








