നേതാക്കൾക്കെതിരായ പീഡന പരാതികൾ ഇനി പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യില്ലെന്നും, അത്തരം പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി (ICC) ആയിരിക്കുമെന്നും വ്യക്തമാക്കി സിപിഎം പുതിയ പ്രവർത്തന രൂപരേഖ തയ്യാറാക്കി. പരാതികൾ പരസ്യമാക്കാതെ രഹസ്യമായി പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐസിസിയുടെ അന്തിമ തീർപ്പ് പാർട്ടി വേദികളിൽ വീണ്ടും ചർച്ചയ്ക്ക് വെക്കില്ല.
സംസ്ഥാന തലത്തിൽ ടി എൻ സീമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഇത്തരം കമ്മിറ്റികൾ ഉണ്ടായിരിക്കും. പ്രത്യേകിച്ചും നേതാക്കൾക്ക് എതിരായ പരാതികൾ അന്വേഷിക്കുന്നത് തൊട്ടടുത്ത ഉപരി ഘടകത്തിലെ ഐസിസി ആയിരിക്കും. ഐസിസിയുടെ കണ്ടെത്തലുകൾ അതാത് ഘടകങ്ങളെ ഔദ്യോഗികമായി അറിയിക്കും. ഐസിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് എം എ ബേബിയാണ്.








