കേരളത്തിലെ എസ്.ഐ.ആർ. (SIR) ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അറിയിച്ചത്. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ടവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയതായി കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളിൽ പലർക്കും തുടർഅപേക്ഷകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് സി.പി.എമ്മിനായി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് വാദിച്ചു. തുടർന്ന് വോട്ടർ പട്ടികയിൽ പേര് വീണ്ടും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. എസ്.ഐ.ആർ. എന്നത് ഒരു തുടർച്ചയായ പ്രക്രിയയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.










