കൊല്ലം: കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം ഭരണിക്കാവിൽ സായ (26) ആണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ നാടിനെ നടുക്കിയിരിക്കുന്നത്. “ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം” എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സാമ്പത്തിക ബാധ്യതകളും വായ്പ തിരിച്ചടികളുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകളാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് ബന്ധുക്കളും പൊലീസും.
സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃദദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. യുവതിയുടെ മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് ബന്ധുക്കളുടെയും ഭർത്താവിന്റെയും മൊഴിയെടുക്കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)











