ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു ഗ്രെഗ് ചാപ്പൽ പരിശീലകനായിരുന്ന കാലഘട്ടമെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ഗ്രെഗ് ചാപ്പലിന്റെ ‘വിഭജിച്ച് ഭരിക്കൽ’ നയത്തെക്കുറിച്ചും ഹർഭജൻ തുറന്നടിച്ചത്.
2003-ലെ ഏകദിന ലോകകപ്പിൽ റണ്ണറപ്പുകളായ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിലുണ്ടാക്കിയ ഭിന്നതകളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സംഭവങ്ങളാണെന്ന് ഹർഭജൻ വ്യക്തമാക്കി. ചാപ്പലിനെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാക്കാനുള്ള ബി.സി.സി.ഐ മാനേജ്മെന്റിന്റെ തീരുമാനം ഏറ്റവും അബദ്ധമായിരുന്നുവെന്നും, കളിക്കാരെ തമ്മിലടിപ്പിച്ച് അധികാരം സ്ഥാപിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരുമിച്ച് കളിക്കുകയും പരസ്പരം ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന കളിക്കാർക്കിടയിൽ ഭിന്നത വിതച്ച് ചാപ്പൽ ടീമിനെ പൂർണ്ണമായും തകർത്തുവെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ കാലഘട്ടത്തിൽ ശക്തരായ ഓസ്ട്രേലിയൻ ടീമിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക ടീം ഇന്ത്യയായിരുന്നുവെന്നും, അത് തടയാൻ ചാപ്പൽ മനഃപൂർവ്വം നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ടീമിന്റെ ഐക്യം തകർത്തതോടെ കളിക്കാർ ഡ്രസ്സിംഗ് റൂമിൽ പരസ്പരം സംസാരിക്കാത്ത അവസ്ഥ വരെയുണ്ടായി. ഈ വിഭജനമാണ് 2007-ലെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപമാനകരമായി പുറത്താകാൻ കാരണമെന്നും മുൻ താരം ചൂണ്ടിക്കാട്ടി.












