2023-ലെ ഏകദിന ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ കാണികളിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത അധിക്ഷേപങ്ങളും വെളിപ്പെടുത്തി പാകിസ്ഥാൻ ടീം മാനേജർ രെഹാൻ ഉൽ ഹഖ്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് താഴേക്ക് പോകുമ്പോഴുണ്ടായ രസകരവും അതെ സമയം ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് അദ്ദേഹം ഓർത്തെടുത്തത്.
സ്റ്റേഡിയത്തിലെ നൂറോളം പടികൾ ഇറങ്ങി താഴേക്ക് പോകുന്നതിനിടെ ഇരുവശത്തുനിന്നും കാണികൾ അതിരൂക്ഷമായ ഭാഷയിലാണ് തനിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞതെന്ന് രെഹാൻ പറഞ്ഞു. പടിയിറങ്ങി അവസാന എത്തുമ്പോഴേക്കും ആയിരത്തഞ്ഞൂറോളം തവണയെങ്കിലും അധിക്ഷേപവാക്കുകൾ കേട്ടിട്ടുണ്ടാകുമെന്നും, എന്നാൽ ഇത് കേട്ട് തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.
ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ, പ്രത്യേകിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്താകുമ്പോൾ മാത്രം തിരിച്ചുകയറാം എന്ന് കരുതിയാണ് താൻ താഴേക്ക് പോയതെന്ന് രെഹാൻ വെളിപ്പെടുത്തി. എന്നാൽ രോഹിത് ശർമ്മ മത്സരത്തിൽ നിർത്താതെ നിർത്താതെ പറത്താൻ തുടങ്ങിയതോടെ തിരികെ മുകളിലേക്ക് കയറാൻ വഴിയില്ലാതെ താൻ താഴെ കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പാകിസ്ഥാൻ ഫിസിയോ ക്ലിഫ് ഡീക്കനും ഇതേ അനുഭവമുണ്ടായതായി തന്നോട് പങ്കുവെച്ചു. ഒടുവിൽ രോഹിതിന്റെ സിക്സറുകൾ നിലയ്ക്കാതായതോടെ, അധിക്ഷേപങ്ങൾ സഹിക്കാൻ വയ്യാതെ കാതുകൾ പൊത്തി താൻ ആ നൂറു പടികളും തിരികെ കയറുകയും, മുകളിലെത്തി ടെലിവിഷനിൽ മത്സരം കാണുകയുമായിരുന്നുവെന്ന് പാക് മാനേജർ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 191 റൺസ് എടുത്ത് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ്മയുടെ 63 പന്തിൽ 86 റൺസ് പിൻബലത്തിൽ ഇന്ത്യ 7 വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കി












