തനിക്കെതിരെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. ബിസിനസ്സ് ചർച്ചകൾക്കെന്ന വ്യാജേനയെത്തിയ ഒരു പ്രമുഖ വ്യവസായി തന്നെ കാണാൻ എത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്നും, അദ്ദേഹത്തിന്റെ സംശയാസ്പദമായ പെരുമാറ്റവും ധരിച്ചിരുന്ന പ്രത്യേക കണ്ണടയുമാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. സാധാരണ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയ ഇയാൾ പെട്ടെന്ന് രാഷ്ട്രീയ കാര്യങ്ങളിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും വിഷയം മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വ്യവസായി തനിക്കെതിരെയും വി.ഡി. സതീശനെതിരെയും മാത്രം ഇത്തരം ഗ്ലാസുകൾ ധരിച്ച് എത്തിയതായി കണ്ടെത്തിയത്. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ സന്ദർശിച്ച വേളകളിൽ ഇയാൾ ഈ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചിരുന്നില്ലെന്നും ഡി.കെ ശിവകുമാർ ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും രേഖകളും തന്റെ കൈവശമുണ്ടെന്നും തക്കതായ സമയത്ത് അവ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ചില സ്വകാര്യ ഏജൻസികളുടെയും എതിരാളികളുടെയും നേതൃത്വത്തിൽ വലിയതോതിലുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും, വ്യക്തിഗത അസിസ്റ്റന്റുകൾ വഴിയോ ഫോൺ കോളുകൾ വഴിയോ ഉണ്ടാകുന്ന അനാവശ്യ നീക്കങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.










