തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തില്‍. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്ന 42 പൊലീസുകാര്‍ ആണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 18 മുതല്‍ 22 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്‍ ക്യാമ്പില്‍ നിന്നുള്ളവരാണിവര്‍.
കോവിഡ് സ്ഥിരീകരിച്ച മലപ്പുറം, കൊല്ലം സ്വദേശികള്‍ വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും എത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന 30ഉം റെയില്‍വേ സ്‌റ്റേഷനുകളിലുണ്ടായിരുന്ന 12ഉം പൊലീസുകാരാണ് നിരീക്ഷണത്തില്‍.
ലോക്കല്‍ സ്‌റ്റേഷനില്‍നിന്ന് വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുവീതം സി.ഐമാര്‍, എസ്.ഐ, എ.എസ്.ഐമാര്‍, എട്ട് വനിത കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.












