ന്യൂഡൽഹി: എംഡിഎച്ച് മസാല കമ്പനിയുടെ ഉടമ മഹാശയ് ധരംപാൽ ഗുലാട്ടി അന്തരിച്ചു. 97 വയസ്സായിരുന്നു. ഡൽഹിയിലെ മാത ചനൻ ദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അദ്ദേഹം മരണപ്പെട്ടത്. ബിസിനസ് രംഗത്തെ സംഭാവനകളുടെ പേരിൽ കഴിഞ്ഞവർഷം ധരംപാൽ ഗുലാട്ടിയെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1923-ൽ പാകിസ്ഥാനിലെ സിയാൻകോട്ടിലാണ് അദ്ദേഹം ജനിച്ചത്. ഡൽഹിയിലെ നിരത്തുകളിൽ ഒരു കാലത്ത് കുതിര വണ്ടി ഓടിച്ചു നടന്നിരുന്ന ധരംപാൽ ഗുലാട്ടിയുടെ കോടികൾ ആസ്തിയുള്ള ഒരു ബിസിനസ് ടൈക്കൂൺ എന്ന നിലയിലേക്കുള്ള വളർച്ച ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. പഠിക്കാൻ വളരെ മോശമായിരുന്ന ധരംപാൽ, പതിയെ മസാല വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു.
മഹാശയ് ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംഡിഎച്ച്. കമ്പനിക്ക് പ്രതിവർഷം ആയിരം കോടി രൂപയുടെ വിറ്റുവരവുണ്ട്. ധരംപാൽ ഗുലാട്ടിയുടെ വിയോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനുശോചനം രേഖപ്പെടുത്തി.
Discussion about this post