കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. കാർഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്. രണ്ട് യാത്രക്കാരിൽ നിന്നാണ് 4.65 കിലോ സ്വർണം പിടികൂടിയത്.
കാപ്പാട് സ്വദേശിയായ ഇസ്മയിൽ കണ്ണൻചേരിക്കണ്ടിയിൽ നിന്നും 2324 ഗ്രാം സ്വർണവും അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് നാനത്ത് അയച്ച ബാഗേജിൽ നിന്നും 2326 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. റൈസ് കുക്കറിന്റേയും എയർ ഫ്രയറിന്റേയും ജ്യൂസ് മേക്കറിന്റേയും ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു നീക്കം. കേസിൽ അന്വേഷണം തുടരുകയാണ്.
കേരളത്തിന് പുറത്തുള്ള ആളുകൾക്ക് വേണ്ടിയാണ് സ്വർണം എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാർ , സുപ്രണ്ട് പി.വി. പ്രവീൺ, ഇൻസ്പെക്ടർമാരായ മനീഷ് കെ.ആർ., ആദിത്യൻ എ.എം., ഹെഡ് ഹവിൽദാർമാരായ സാബു എം.ജെ., കമറുദ്ദിൻ, ശാന്തകുമാരി എന്നിവരാണ് സ്വർണം പിടികൂടിയത്.
Discussion about this post