തിരുവനന്തപുരം: അവനവൻ കടമ്പ പുരസ്കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിളയ്ക്ക്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും. കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ പുരസ്കാരമാണ് അവനവൻ കടമ്പ പുരസ്കാരം.
തിരുവനന്തപുരം ഉള്ളൂർ കാമിയോ ലൈറ്റ് അക്കാദമിയിൽ വൈകുന്നേരം 5.30യ്ക്കാണ് പരിപാടി. ഹസിം അമരവിളയ്ക്ക് പ്രശസ്ത ഗായകനും കാവാലം നാരായണപ്പണിക്കരുടെ മകനുമായ കാവാലം ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും. സജി കമല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിനെത്തുടർന്ന് കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ കോർത്തിണക്കി കാവാലം ശ്രീകുമാറും കാവാലം സജീവും ചേർന്ന് അവതരിപ്പിക്കുന്ന പാട്ടു പൊലി അരങ്ങേറും. കാവാലം നാരായണപ്പണിക്കരുടെ ശിഷ്യൻമാരുടെയും ഇതര നാടക പ്രവർത്തകരുടെയും കൂട്ടായ്മയായ കാവാലം സംസ്കൃതി,നാടക കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാവാലത്തിന്റെ ചരമദിനത്തിലാണ് വർഷം തോറും അവനവൻ കടമ്പ പുരസ്കാരം നൽകി വരുന്നത്.
Discussion about this post