തൃശൂർ : ഏതാനും ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത വ്യക്തിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ കുന്നംകുളത്താണ് സംഭവം. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലമുടമയുടെ ആത്മഹത്യയിലും ദുരൂഹത നിലനിൽക്കുന്നു.
കുന്നംകുളം അഞ്ഞൂർ സ്വദേശിയായ ശിവരാമൻ എന്നയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപായിരുന്നു ശിവരാമനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണത്തിനുശേഷം ഈ വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. ശിവരാമന്റെ മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിനായി നാട്ടുകാരും ബന്ധുക്കളും എത്തിച്ചേർന്നപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. കയ്യും കാലും മടക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുന്നംകുളം , വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിലായി കാണാതായിട്ടുള്ള വ്യക്തികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നിലവിൽ അന്വേഷണം നടത്തുന്നത്. സ്ഥലമുടമ ശിവരാമന്റെ മരണവും മൃതദേഹം കണ്ടെത്തിയതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












