തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. ഇന്ന് പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റൺ നടത്തിയ ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ഉദ്ഘാടന സർവ്വീസ് നടത്തുന്നത്.
ഇന്നലെ ഉച്ചയോടെയാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരത് ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ആകെ 8 കോച്ചുകളാണ് ഇതിനുള്ളത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സർവീസുകൾ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം കാസർകോട് നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുന്നത്. ഇതിന്റെ സമയമക്രമവും തയ്യാറായിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര തുടങ്ങി വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് വിവരം. ആഴ്ചയിൽ ആറു ദിവസം വന്ദേഭാരത് സർവീസ് നടത്തും.
Discussion about this post