ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി സമൻസിനെതിരായ ഹർജി പിൻവലിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത . അറസ്റ്റിലായ സാഹചര്യത്തിലാണ് കെ. കവിത ഹർജി പിൻവലിച്ചത്. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് കവിത കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു മദ്യനയക്കേസിൽ കവിതയെ ഇ ഡി അറസ്റ്റ് ചെയതത്. ഹൈദരാബാദിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അറസ്റ്റ്.
മാർച്ച് 16ന് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത കവിതയെ ഡൽഹി കോടതി ഒരാഴ്ചയ്ക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ഇതാണ് ഹർജി നൽകാൻ കാരണമെന്നാണ് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയക്കേസിൽ ഇഡി പ്രതികളായി ചേർത്തിരുന്നു.
മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്.
മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Discussion about this post