ഇടുക്കി: ഹോട്ടലിൽ നൽകിയ കപ്പ ബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതിയുമായി ദമ്പതികൾ. ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ദമ്പതികൾ നഗരസഭയിലെത്തി പരാതി നൽകി.
കാഞ്ചിയാർ സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയത്. പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്സലായി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ നിരസിച്ചതായും ഇവർ പറയുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഇരുവരും ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കിട്ടിയത്. ഇതിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരെത്തി തടയുകയും ഭക്ഷണം തിരികെയെടുത്തുകൊണ്ട് പോവുകയുമായിരുന്നു. ഭക്ഷണം പാഴ്സലായി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ വിസമ്മതിച്ചു. സംഭവം ഒത്തുതീർപ്പാക്കാനും ഉടമ ശ്രമിച്ചുവെന്നും പരാതിക്കാർ പറയുന്നു.
തുടർന്ന് ഇന്ന് രാവിലെ ദമ്പതികൾ രേഖാമൂലം നഗരസഭയിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.
കുറച്ച് നാളുകൾക്ക് മുമ്പും പ്രദേശത്തെ രണ്ട് ഹോട്ടലുകളിൽ പുഴുവരിച്ച ഭക്ഷണം വിളമ്പിയതായി പരാതി ഉയർന്നിരുന്നു. നഗരത്തിലെ ഹോട്ടലുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറിൽ അറിയിക്കണമെന്ന് ക്ലീൻ സിറ്റി മാനേജർ ജെൻസ് സിറിയക് പറഞ്ഞു.
Discussion about this post