ടെഹ്റാൻ : യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച യുഎസ് ഡ്രോണുകളെ വെടിവെച്ചിട്ടതായാണ് ഐആർജിസി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, സൈന്യം മറ്റൊരു യുഎസ് ആർക്യു-4 ഡ്രോണിനെയും ഒരു എഫ്-35 യുദ്ധവിമാനത്തെയും ലക്ഷ്യം വച്ചതിനാൽ അവർ പിൻവാങ്ങാൻ നിർബന്ധിതരായി എന്നും ഐആർജിസി അറിയിച്ചു.
ഇറാൻ അതിർത്തിയിലെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖേഷ്ം ദ്വീപിന് മുകളിലാണ് നാടകീയമായ വ്യോമസംഘർഷം ഉണ്ടായത്. ഇറാൻ വികസിപ്പിച്ചെടുത്ത അതിനൂതന ‘ആരാഷ്-ഇ കമാൻഗീർ’ ഇന്റർസെപ്റ്റർ ഡ്രോൺ സിസ്റ്റം ഉപയോഗിച്ചാണ് യുഎസ് റീപ്പർ ഡ്രോണിനെ ലക്ഷ്യം വെച്ചതും വിജയകരമായി തകർത്തതുമെന്നാണ് ഐആർജിസി അറിയിക്കുന്നത്. റീപ്പർ ഡ്രോണിന് പുറമെ, ഇന്റലിജൻസ് നിരീക്ഷണ ഡ്രോണായ ആർക്യൂ-4 ഗ്ലോബൽ ഹോക്ക് , യുഎസിന്റെ അതിനൂതന സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 ലൈറ്റ്നിങ് II എന്നിവയും ഇറാൻ വ്യോമാതിർത്തി ലംഘിച്ചതായും ഐആർജിസി അറിയിച്ചു.









