രാജ്യത്ത് മാവോയിസ്റ്റ് അക്രമങ്ങൾ നേരിടുന്നതിലും നക്സലിസത്തിന് കനത്ത തിരിച്ചടി നൽകുന്നതിലും ഇന്ത്യ ചരിത്രപരമായ മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിരന്തരമായ നിർണ്ണായക സൈനിക നടപടികളുടെയും ശക്തമായ സുരക്ഷാ നയങ്ങളുടെയും ഫലമായി നക്സലിസത്തിന്റെ നടുവൊടിക്കാൻ ഭാരതത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഏകതാ നഗറിലുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന വിദൂര പ്രദേശങ്ങളിൽ നിന്നും അവരെ പൂർണ്ണമായി തുരത്താൻ കഴിഞ്ഞെങ്കിലും, ‘ബുദ്ധിജീവി നക്സലിസത്തിന്റെ’ (ഇന്റലക്ച്വൽ നക്സലിസം) ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്കായി ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ വഹിച്ച സമാനതകളില്ലാത്ത പങ്കിനെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വികാരഭരിതനായി അനുസ്മരിച്ചു. 500-ലധികം വരുന്ന നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കി രാജ്യത്തിന്റെ ഭൂപടത്തെ ഒന്നിപ്പിക്കുക മാത്രമല്ല പട്ടേൽ ചെയ്തത്, മറിച്ച് ഇന്ത്യക്കാരുടെ മനസ്സിനെ വൈകാരികമായി ഒരൊറ്റ നൂലിൽ കോർത്തിണക്കുക കൂടിയാണ് അദ്ദേഹം നിർവ്വഹിച്ചതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിലൂടെ രാജ്യത്തിന്റെ സാംസ്കാരിക ഉയിർത്തെഴുന്നേൽപ്പിന് തുടക്കമിട്ടത് സർദാർ പട്ടേലായിരുന്നു. ആ മഹത്തായ കർമ്മം പൂർത്തിയായിട്ട് ഈ വർഷം 75 വർഷം തികയുകയാണ്. വിദേശ ആക്രമണകാരികളുടെയും സ്വേച്ഛാധിപതികളുടെയും അധിനിവേശ മോഹങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സോമനാഥ ക്ഷേത്രത്തിന്റെ പതാക ആയിരത്താണ്ടുകളായി തികഞ്ഞ ആത്മഭിമാനത്തോടെ പാറിക്കളിക്കുന്നതുപോലെയാണ് ‘സോമനാഥ സ്വാഭിമാൻ പർവ്’ ആഘോഷിക്കാൻ ഭാരതീയർക്ക് പ്രേരണയാകുന്നത്. രാജ്യത്തെല്ലായിടത്തും ഒരേ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ വൻശക്തി രാജ്യങ്ങൾ പോലും പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മോദി ചൂണ്ടിക്കാട്ടി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ സർദാർ പട്ടേലിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് രാജ്യം ഒറ്റക്കെട്ടായി മുന്നേറണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.









