വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ഇദ്ദേഹത്തെ മാറ്റി നിയമിച്ചിരിക്കുന്നത്. വിനോദയാത്ര സംഘടിപ്പിക്കുന്നതിൽ സർക്കാർ നിർദേശങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
റീജണൽ ഡെപ്യൂട്ടി ഡയറക്ടറിൽ (RRD) നിന്ന് മുൻകൂട്ടി അനുമതി തേടാതിരുന്നതും, മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന യാത്ര അഞ്ച് ദിവസത്തോളം നീട്ടിയതും ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെ സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് നീക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തോടെ വിവാദങ്ങൾക്ക് തുടക്കമായത്. മടക്കയാത്രയിൽ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ബസ് തടഞ്ഞുനിർത്തി ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും, മാനന്തവാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.
പരിശോധനാഫലം നെഗറ്റീവായതോടെ സത്യം പുറത്തുവന്നെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷിവി കൃഷ്ണൻ പ്രതികരിച്ചിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ഒരുവിഭാഗം ശ്രമിച്ചതെന്നും ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രിൻസിപ്പലിന് പിന്തുണയുമായി സ്കൂളിലെത്തി രംഗത്തുവന്നിരുന്നു.
എന്നാൽ രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ എതിർവിഭാഗം തയ്യാറായിരുന്നില്ല. സംഭവം നടന്ന് 12 മണിക്കൂറോളം വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും, അതിനാലാണ് ഫലം നെഗറ്റീവായതെന്നുമാണ് ആരോപണം. മദ്യത്തിന്റെ സാന്നിധ്യം കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്ന യൂറിൻ പരിശോധനയ്ക്ക് പ്രിൻസിപ്പൽ വിസമ്മതിച്ചതിലും ദുരൂഹതയുണ്ടെന്ന് ഇവർ വാദിച്ചു.
എന്നാൽ, പരിശോധനാഫലത്തിൽ ആശ്വാസം ലഭിച്ചെങ്കിലും വിനോദയാത്ര സംഘടിപ്പിച്ചതിലെ ചട്ടലംഘനങ്ങളും ഭരണപരമായ വീഴ്ചകളും മുൻനിർത്തിയാണ് വിദ്യാഭ്യാസം വകുപ്പ് ഇപ്പോൾ സ്ഥലംമാറ്റ നടപടിയിലേക്ക് കടന്നിരിക്കുന്നത്.












