തണുത്തുറഞ്ഞ മലനിരകളിലൂടെയുള്ള യാത്രയിൽ വഴിയോരത്തെ കടകളിൽ നിന്ന് ഒരു പ്ലേറ്റ് ചൂട് മാഗിയും ഒരു കപ്പ് ചായയും കുടിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. എന്നാൽ, ഹിമാചൽ പ്രദേശിലെ മലമുകളിൽ പ്രവർത്തിക്കുന്ന കൊച്ചു മാഗി കടകൾക്ക് പിന്നിൽ വൻ സാമ്പത്തിക ബിസിനസ്സ് കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ ഹർഷ് ചൗഹാൻ പങ്കുവെച്ച ഒരു മാഗി വിൽപ്പനക്കാരന്റെ വരുമാനക്കണക്കുകൾ കേട്ട് അമ്പരന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം ലോകം.
മണാലിക്ക് സമീപമുള്ള പ്രശസ്തമായ റൊഹ്താങ് ചുരം സന്ദർശനത്തിനിടെയാണ് ഹർഷ് ചൗഹാൻ പ്രദേശത്തെ ഒരു വഴിയോര കച്ചവടക്കാരനുമായി സംസാരിച്ചത്. വിനോദസഞ്ചാരികളുടെ തിരക്കില്ലാത്ത ‘ഓഫ് സീസൺ’ സമയത്ത് പോലും ദിവസവും എത്ര രൂപയുടെ കച്ചവടം നടക്കാറുണ്ടെന്ന ചോദ്യത്തിന് കടയുടമ നൽകിയ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. ഓഫ് സീസണിൽ പോലും ദിവസവും 70 പ്ലേറ്റ് മാഗിയും 200 കപ്പിലധികം ചായയും വിൽക്കാറുണ്ടെന്ന് കടയുടമ വെളിപ്പെടുത്തി.
ഒരു പ്ലേറ്റ് മാഗിക്ക് 100 രൂപയും ഒരു കപ്പ് ചായയ്ക്ക് 40 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. മാഗി വിൽപ്പനയിലൂടെ മാത്രം പ്രതിദിനം 7,000 രൂപയും ചായ വിൽപ്പനയിലൂടെ 8,000 രൂപയും ലഭിക്കും. ചുരുക്കത്തിൽ തിരക്കില്ലാത്ത ദിവസങ്ങളിൽ പോലും 15,000 രൂപയോളമാണ് ഈ കൊച്ചു കടയിലെ പ്രതിദിന വരുമാനം! ഓഫ് സീസണിലെ കണക്കുകൾ ഇതാണെങ്കിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന സീസൺ സമയങ്ങളിൽ വരുമാനം എത്രത്തോളമായിരിക്കുമെന്നാണ് ഉപയോക്താക്കൾ അത്ഭുതപ്പെടുന്നത്.
വലിയ കടമുറികളോ അത്യാധുനിക സൗകര്യങ്ങളോ ഇല്ലാതെ തങ്ങളുടെ കഠിനാധ്വാനം കൊണ്ടുമാത്രം വലിയ വിജയം കൊയ്യുന്ന ഇത്തരം ചെറുകിട സംരംഭങ്ങളെ വിലകുറച്ച് കാണരുതെന്ന സന്ദേശമാണ് ഹർഷ് വിഡിയോയിലൂടെ നൽകുന്നത്. അതേസമയം, പുറമെ കാണുന്ന വലിയ വരുമാനക്കണക്കുകൾക്ക് പിന്നിൽ പ്രതികൂല കാലാവസ്ഥയിലെ കഠിനാധ്വാനമുണ്ടെന്ന് നെറ്റിസൺസ് ഓർമ്മിപ്പിക്കുന്നു. മണാലിയിൽ നിന്ന് സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിലുള്ള റൊഹ്താങ് ചുരത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ മാത്രം പ്രതിദിനം 2,000 രൂപയോളം വണ്ടിവാടക ഇനത്തിൽ ചെലവാകുമെന്നും, അതിശൈത്യത്തെ അതിജീവിച്ച് കച്ചവടം നടത്തുന്ന ഇവർ ഈ വരുമാനം അർഹിക്കുന്നുണ്ടെന്നുമാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.










