നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിലെ സംഗീതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ച് മറുപടി നൽകി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. “ലോകത്തിലുള്ള എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാണ് താത്പര്യമെങ്കിൽ സംഗീതം ചെയ്യരുത്, ഐസ്‌ക്രീം കൊണ്ടുപോയി വിൽക്കണം” എന്നായിരുന്നു വിമർശകരോടുള്ള റഹ്മാന്റെ വേറിട്ട പ്രതികരണം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംഗീത സൃഷ്ടിയുടെ ഉള്ളടക്കത്തെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.
ചിത്രത്തിലെ രാമ-സീതാ വിവാഹ പശ്ചാത്തലത്തിലുള്ള ‘മംഗൾ രംഗ്’ (Mangal Rang) എന്ന ഗാനവും ‘രാവണ താണ്ഡവ്’ എന്ന ട്രാക്കും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. അരിജിത് സിംഗും ശ്രേയാ ഘോഷാലും ചേർന്നാലപിച്ച ‘മംഗൾ രംഗ്’ ഗാനത്തിന് സൂഫി-കവ്വാളി ശൈലിയുടെ സ്വാധീനമുണ്ടെന്നും സനാതന ധർമ്മത്തിന്റെ അന്തരീക്ഷത്തിന് ഇത് യോജിക്കുന്നില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. രാവണ താണ്ഡവത്തിൽ ഉപയോഗിച്ച ഇലക്ട്രോണിക് സംഗീതത്തിന്റെ തീവ്രത പോരെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഈ വിമർശനങ്ങളിൽ ലവലേശം ആശങ്കയില്ലെന്ന് വ്യക്തമാക്കിയ എ.ആർ. റഹ്മാൻ സംഗീതത്തെ അച്ചാറിനോടാണ് ഉപമിച്ചത്. “ഞാൻ നിർമ്മിക്കുന്ന എല്ലാ ഈണങ്ങളും എനിക്ക് ഉടനടി ഇഷ്ടപ്പെടാറില്ല. എന്റെ ആദ്യത്തെ വിമർശകൻ ഞാൻ തന്നെയാണ്. മാസങ്ങളോളം ഒരു ഈണത്തോടൊപ്പം സഞ്ചരിച്ചാണ് അന്തിമ രൂപം നൽകുന്നത്. അച്ചാർ പഴകും തോറും രുചി കൂടുന്നത് പോലെ ചില പാട്ടുകൾ കേൾവിക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ സമയം എടുക്കും. ആളുകൾ ഒരു പാട്ടിന്റെ ഒരു വശം മാത്രം നോക്കിയാണ് വിധി എഴുതുന്നത്, അതിനുപിന്നിലെ പൂർണ്ണമായ കാഴ്ചപ്പാട് പലരും കാണുന്നില്ല. അൽപ്പസമയം ക്ഷമയോടെ കാത്തിരുന്നാൽ ഇതിന്റെ പിന്നിലെ ആശയം പ്രേക്ഷകർക്ക് മനസ്സിലാകും” എന്ന് റഹ്മാൻ കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ ഓരോ അഭിപ്രായത്തിനും അമിത പ്രാധാന്യം നൽകി എല്ലാവരെയും പ്രീതിപ്പെടുത്താൻ നോക്കിയാൽ കലാകാരന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൺബീർ കപൂർ, സായ് പല്ലവി, യാഷ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന രാമായണയുടെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങവേയാണ് സിനിമയിലെ സംഗീതത്തെക്കുറിച്ചുള്ള റഹ്മാന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടുന്നത്.










