വിമാനയാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം റദ്ദാക്കൽ ചാർജുകളും റീഫണ്ട് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും മുൻകൂട്ടി വ്യക്തമാക്കണമെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാർ കശന നിർദേശം നൽകി. യാത്രക്കാർക്ക് അന്തിമ നിരക്കിനെക്കുറിച്ചും ഒളിച്ചുവെച്ച അധിക നിരക്കുകളെക്കുറിച്ചും കൃത്യമായ ധാരണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമയാന മന്ത്രാലയം പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
1937-ലെ പഴയ എയർക്രാഫ്റ്റ് റൂൾസിന് പകരമായി അടുത്തിടെ കൊണ്ടുവന്ന ‘ഭാരതീയ വായുയാൻ അധീനിയം, 2024’-ന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘ഭാരതീയ വായുയാൻ നിയമം, 2026’ പ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ. പുതിയ ചട്ടങ്ങളിലെ 192-ാം വകുപ്പ് അനുസരിച്ച് വിമാനക്കമ്പനികളുടെ ബുക്കിങ് വെബ്സൈറ്റുകളിലും ആപ്പുകളിലും യാത്രക്കാർക്ക് നൽകുന്ന ടിക്കറ്റുകളിലും അടയ്ക്കേണ്ട ആകെ തുകയുടെ വിശദമായ തരംതിരിവ് വ്യക്തമായി കാണിച്ചിരിക്കണം.
അടിസ്ഥാന നിരക്ക് (Base Fare), നികുതികൾ, മറ്റ് ഫീസുകൾ, ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകൾ, റീഫണ്ട് വ്യവസ്ഥകൾ എന്നിവ ഓരോ ഇനമായി പ്രത്യേകം രേഖപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നിമിഷത്തിൽ തന്നെ റദ്ദാക്കൽ ഉണ്ടായാൽ എന്തെല്ലാം നിബന്ധനകളും തുകയുമാണ് ബാധകമാകുക എന്ന് യാത്രക്കാർക്ക് മുൻകൂട്ടി മനസിലാക്കാൻ സാധിക്കും.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിക്കുന്ന ഫോർമാറ്റിൽ പൊതുജനങ്ങൾക്ക് കാണാനാവുന്ന രീതിയിൽ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ആഭ്യന്തര ഷെഡ്യൂൾഡ് കമ്പനികൾ തങ്ങളുടെ ടിക്കറ്റ് നിരക്ക് വിവരങ്ങൾ ഡി.ജി.സി.എക്ക് സമർപ്പിക്കുകയും വേണം. ഈ നിരക്കുകൾ ഡി.ജി.സി.എ നിരന്തരം നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.










