തൃശൂർ: ചാലക്കുടിയിൽ കപ്പേളയ്ക്ക് നേരെ ആക്രമണം. കൂടപ്പുഴ ജംഗ്ഷന് സമീപമുള്ള സെന്റ്. ആന്റണീസ് കപ്പേളയാണ് കല്ലുകൊണ്ട് എറിഞ്ഞ് തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പുലർച്ചെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്നും മൊഴിയും ശേഖരിച്ചിട്ടുണ്ട്.
കല്ലേറിൽ കപ്പേളയുടെ ചില്ല് പൂർണമായി തകർന്നു. രൂപക്കൂടിനും കേടുപാടുകൾ ഉണ്ട്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.











