ന്യൂഡൽഹി : ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക്. അടുത്ത മത്സരത്തിൽ ഷാക്കിബിന് കളിക്കാനാകില്ല. കഴിഞ്ഞദിവസം ശ്രീലങ്കയ്ക്ക് എതിരായി നടന്ന മത്സരത്തിലാണ് ഷാക്കിബിന് വിരലിന് പരിക്കേറ്റത്. അദ്ദേഹം ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങും.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആണ് ഷാക്കിബ് അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്ന് അറിയിച്ചത്. 2023 ലോകകപ്പിലെ ബംഗ്ലാദേശിന്റെ അവസാന മത്സരമാണ് അടുത്തതായി നടക്കാനിരിക്കുന്ന ഓസ്ട്രേലിയമായുള്ള മത്സരം. ക്യാപ്റ്റന്റെ അസാന്നിദ്ധ്യം ഈ മത്സരത്തിൽ ബംഗ്ലാദേശിന് നിർണായകമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസം ശ്രീലങ്കയ്ക്ക് എതിരായി നടന്ന മത്സരത്തിൽ ബംഗ്ലാദേശിന്റെ ക്യാപ്റ്റൻ ഷാക്കിബ് ശ്രീലങ്കൻ ബാറ്റർ ആഞ്ചലോ മാത്യൂസിനെ ‘ടൈം ഔട്ട്’ വഴി പുറത്താക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതേ മത്സരത്തിൽ വച്ച് തന്നെയാണ് ഷാക്കിബിന്റെ വിരലിന് പരിക്കേറ്റത്. മത്സരശേഷം ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്നും എക്സ്-റേ എടുത്തപ്പോഴാണ് പരിക്ക് സാരമുള്ളതാണെന്ന് മനസ്സിലായത്. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ ഷാക്കിബിന് നിർദ്ദേശിച്ചിട്ടുള്ളത്.












