ആലപ്പുഴ: എടത്വയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയവർക്ക് നേരെ നീർ നായയുടെ ആക്രമണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു നീർനായയുടെ ആക്രമണം ഉണ്ടായത്.
രാവിലെ ഇവിടെ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടെ നീർ നായ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ നീർ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ നീർനായയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുൻപും നീർനായകൾ പ്രദേശവാസികളെ ആക്രമിച്ചിരുന്നു. അതേസമയം നീർ നായയുടെ കടിയേറ്റാൽ ചികിത്സിക്കാനുള്ള സംവിധാനം പ്രദേശത്തെ ആശുപത്രികളിൽ ഇല്ലാത്തത് ആളുകളെ പ്രയാസത്തിലാക്കുന്നുണ്ട്.












