കൊൽക്കത്ത; മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞതോടെ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ഭീർബുമിലെ ജനങ്ങൾ. സംഭവം കേട്ടറിഞ്ഞ് അടുത്ത പ്രദേശങ്ങളിൽ നിന്നും ആളുകൾ ക്ഷേത്രത്തിൽ എത്താൻ തുടങ്ങി. ഇതോടെ ക്ഷേത്രപരിസരത്ത് ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭീർബുമിൽ നടന്ന യഥാർത്ഥ സംഭവം ഇങ്ങനെയാണ്.
ദുബ്രാജ്പുരിലെ ദംഗലൽതല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പഴയ ക്ഷേത്രമാണ് മാനസാദേവി ക്ഷേത്രം. എല്ലാ ദിവസവും തിരക്കുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിലെത്തിയ ഭക്തർ ദേവിയുടെ കണ്ണടയുന്നത് കണ്ടു എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. വാർത്ത പടർന്നതോടെ ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. അത്ഭുതകരമായ ആ കാഴ്ച സ്വന്തം കണ്ണുകൊണ്ട് കാണുക എന്ന ഉദ്ദോശ്യത്തോടെയാണ് പലരും വന്നത്. പിന്നീട് വിഗ്രഹത്തിന്റെ വായിൽ വെള്ളമൊഴിച്ചതോടെ കണ്ണ് തുറന്നുവന്നു.
ശനിയാഴ്ച രാത്രി വരെ വിഗ്രഹത്തിന്റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. പെട്ടെന്നാണ് കണ്ണടഞ്ഞ രീതിയിൽ വിഗ്രഹത്തെ ദർശിക്കാനായത്. ഇതൊരു അത്ഭുതം തന്നെയാണെന്നാണ് പ്രദേശവാസികൾ ഉറപ്പിച്ചുപറയുന്നത്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. സംഭവം അടുത്ത പ്രദേശങ്ങളിൽ വരെ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.








