കൊല്ലം : എംഎൽഎ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് നിർത്താതിരുന്ന ഡ്രൈവർക്ക് മുട്ടൻ പണി കൊടുത്ത് യാത്രക്കാരൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതാണ് യാത്രക്കാരൻ ക്ഷുഭിതനാവാൻ കാരണമായത്. തുടർന്ന് ഡ്രൈവറെ കൊണ്ട് ഇയാൾ 50 തവണ ഇമ്പോസിഷൻ എഴുതിക്കുകയായിരുന്നു.
കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്. പത്തനംതിട്ട ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആണ് സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ ചൊല്ലി 50 തവണ ഇമ്പോസിഷൻ എഴുതേണ്ടി വന്നത്. സംഭവത്തിൽ പരാതി നൽകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ആവശ്യപ്പെട്ട ഡ്രൈവറോട് യാത്രക്കാരൻ ഇമ്പോസിഷൻ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.
എറണാകുളത്തുനിന്ന് ഒരാഴ്ച മുൻപ് പത്തനംതിട്ടയിൽ എത്തിയ ഡ്രൈവർക്ക് എംഎൽഎ ജംഗ്ഷനിൽ സ്റ്റോപ്പ് ഉള്ള കാര്യം അറിയില്ല എന്നാണ് പറയുന്നത്. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടിൽ മുൻ മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള സ്റ്റോപ്പ് ഒരു കെഎസ്ആർടിസി ഡ്രൈവർ അറിഞ്ഞിരിക്കേണ്ടതാണെന്ന് യാത്രക്കാരനും വാദിച്ചു. തുടർന്ന് ഇമ്പോസിഷൻ ആവശ്യം അംഗീകരിച്ച ഡ്രൈവർ വാളകം എംഎൽഎ ജംഗ്ഷനിൽ സൂപ്പർഫാസ്റ്റിന് സ്റ്റോപ്പ് ഉണ്ടെന്ന് 50 തവണ ഇമ്പോസിഷൻ എഴുതുകയായിരുന്നു.









