ന്യൂയോർക്ക് : ഭൂമിക്ക് ഉള്ളിലും ഒരു ചൊവ്വാഗ്രഹം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഭവം അവിശ്വസനീയമായതിനാൽ തന്നെ നാസ അല്പം രഹസ്യമാക്കി വെച്ചിരുന്ന കാര്യമാണിത്. ചൊവ്വയിൽ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയുമോ എന്നുള്ള പരീക്ഷണത്തിനായി ചൊവ്വാഗ്രഹത്തിലെ അതേ പരിതസ്ഥിതി ഒരുക്കിക്കൊണ്ടാണ് നാസ ഭൂമിയിലെ ഈ ചൊവ്വ നിർമ്മിച്ചത്. നാസയിലെ ഏതാനും ശാസ്ത്രജ്ഞരും ഗവേഷകരും കഴിഞ്ഞ ഒരു വർഷമായി ഈ ചൊവ്വാഗ്രഹത്തിൽ ആയിരുന്നു താമസിച്ചിരുന്നത് എന്നാണ് നാസ ഇപ്പോൾ അറിയിക്കുന്നത്.
2023 ജൂൺ 25 നായിരുന്നു നാസയിലെ ദൗത്യസംഘം ചൊവ്വാഗ്രഹത്തിനോട് സമാനമായ രീതിയിൽ ഒരുക്കിയ 3D പ്രിൻ്റഡ് ആവാസവ്യവസ്ഥയിൽ പ്രവേശിച്ചത്. ഈ സിമുലേറ്റഡ് ചൊവ്വ പരിതസ്ഥിതിയിൽ അവർ 12 മാസത്തിലധികം സുരക്ഷിതരായി ചിലവഴിച്ചു. നാസയുടെ
ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്‌സ്‌പ്ലോറേഷൻ അനലോഗ് പ്രോജക്റ്റിൻ്റെ ഭാഗമായ കെല്ലി ഹാസ്റ്റൺ, അങ്ക സെലാരിയു, റോസ് ബ്രോക്ക്‌വെൽ, നഥാൻ ജോൺസ് എന്നിവരാണ് കഴിഞ്ഞ ഒരു വർഷക്കാലം ഈ ചൊവ്വയിൽ കഴിഞ്ഞു വന്നത്.
ഹൂസ്റ്റണിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് നാസയുടെ ആദ്യത്തെ സിമുലേറ്റഡ് ചൊവ്വ പരിതസ്ഥിതി തയ്യാറാക്കിയിരുന്നത്. 17,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള ഈ ഭൂമിയിലെ ചൊവ്വയിൽ തങ്ങൾ താമസിക്കുക മാത്രമല്ല കൃഷി ചെയ്യുകയും പച്ചക്കറികൾ വിളവെടുക്കുകയും ചെയ്തു എന്നും നാസയിലെ ദൗത്യസംഘം അറിയിക്കുന്നു. പുറത്തെ ഭൂമിയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് 22 മിനിറ്റ് വരെ കാലതാമസം എടുക്കുമായിരുന്നു എന്നുള്ളത് ഒഴിച്ചാൽ ഈ ചൊവ്വാഗ്രഹത്തിലെ വാസം മികച്ച ഒരു അനുഭവമായിരുന്നു എന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്.
Discussion about this post