കൊല്ലം ഓച്ചിറ മേമനയിലെ മതപാഠശാലയിൽ വെച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡയറക്ടറും പ്രമുഖ യൂട്യൂബറുമായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയോട് കേസ് പുറത്തുപറയരുതെന്ന് അപേക്ഷിച്ച് പ്രതി നടത്തിയ ഞെട്ടിക്കുന്ന മൊബൈൽ ഫോൺ സംഭാഷണങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
“ഞാൻ ഈ വിഷയം വിട്ടു. മോൾ ആരോടും ഇനി ഒന്നും പറയാൻ നിൽക്കരുത്. മരണംവരെ ഒരാളും അറിയാതിരുന്നാൽ മതി. അന്ന് എന്റെ ആവശ്യമായിരുന്നു. മോൾക്ക് എന്താവശ്യത്തിനും എന്നെ വിളിക്കാം” എന്നിങ്ങനെ കുറ്റസമ്മതം നടത്തുന്ന രീതിയിലുള്ള ഓഡിയോ റെക്കോർഡിംഗുകളാണ് പ്രതിയുടെ ഫോണിൽ നിന്നും പോലീസ് വീണ്ടെടുത്തത്. സോഷ്യൽ മീഡിയയിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജനപ്രിയ ഉള്ളടക്ക നിർമ്മാതാവ് കൂടിയാണ് പിടിയിലായ നിയാസ്.
രോഗങ്ങളും കുടുംബത്തിലെ ബാധകളും മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് 65 കാരിയായ മുത്തശ്ശിക്കൊപ്പം എത്തിയ പെൺകുട്ടിയെ ഇയാൾ വലയിലാക്കിയത്. 2025 ഒക്ടോബർ മുതൽ പെൺകുട്ടിയെ മതപാഠശാലയിലും വാടക വീട്ടിലുമെത്തിച്ച് ഇയാൾ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. പെൺകുട്ടി മാനസിക പ്രയാസങ്ങൾ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നതും പോലീസിൽ പരാതി നൽകുന്നതും. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫോൺ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും കൂടുതൽ ആളുകൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.











