ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ പാളത്തിൽ വൻ സ്ഫോടനം. അനുപ്ഗഡ്-സൂരത്ഗഡ് റെയിൽവേ പാതയിലെ 50 ജി.ബി പോയിന്റിലാണ് സ്ഫോടനമുണ്ടായത്. റെയിൽവേ ട്രാക്കിന് താങ്ങായി നിന്നിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്ഫോടനത്തിൽ തകർന്നു. സംഭവത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം അടിയന്തരമായി നിർത്തിവെക്കുകയും സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
രാത്രി ഒമ്പത് മണിയോടെ അനുപ്ഗഡിൽ നിന്ന് സൂരത്ഗഡിലേക്ക് പോയ യാത്രാ ട്രെയിൻ കടന്നുപോയി കേവലം 45 മിനിറ്റിന് ശേഷമാണ് അതിശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം ഇരുനൂറ് മീറ്ററോളം അകലേക്ക് കേട്ടതായും പാളത്തിന് താഴെ രണ്ട് അടിയോളം ആഴത്തിൽ വലിയ ഗർത്തം രൂപപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അതിതീവ്രമായ സ്ഫോടനമാണ് നടന്നതെന്നും യാത്രാ ട്രെയിൻ ലക്ഷ്യമിട്ടാണ് അക്രമികൾ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. തലനാരിഴയ്ക്കാണ് വലിയൊരു ട്രെയിൻ ദുരന്തം ഒഴിവായത്.
സംഭവത്തെ തുടർന്ന് ഭീകരവിരുദ്ധ സേന (ATS), സി.ഐ.ഡി (CID), ഫോറൻസിക് ഉദ്യോഗസ്ഥർ, ബോംബ് സ്ക്വാഡ്, റെയിൽവേ സുരക്ഷാ വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. റാംസിംഗ്പൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. അതിർത്തി മേഖലയിൽ നിന്ന് അടുത്തിടെ 7.5 കിലോ ആർ.ഡി.എക്സ് (RDX) പിടിച്ചെടുത്ത സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും വീക്ഷിക്കുന്നത്.











