ഇസ്ലാമാബാദ്: ചരിത്രത്തെ വളച്ചൊടിച്ച് പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ ബംഗാളികളെ സഹായിക്കുകയായിരുന്നില്ലെന്നും, മറിച്ച് പാക്കിസ്ഥാനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടപെട്ടതെന്നുമാണ് ഹാഫിസ് ഉദ്ദീൻ അഹമ്മദിന്റെ വിവാദ പരാമർശം. ഔദ്യോഗിക സന്ദർശനത്തിനായി ഇസ്ലാമാബാദിലെത്തിയ അദ്ദേഹം ബുധനാഴ്ച പാക്കിസ്ഥാൻ പാർലമെന്റ് മന്ദിരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യ വിരുദ്ധ നിലപാട് കടുപ്പിച്ചത്.
ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് ബംഗ്ലാദേശ് ഫലത്തിൽ ഇന്ത്യയുടെ ഒരു ‘കോളനി’യായി മാറിയിരുന്നതായും ഇതിലൂടെ ബംഗ്ലാദേശിലെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ 1971-ലെ യുദ്ധത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കി സ്പീക്കർ രംഗത്തെത്തിയിരിക്കുന്നത്. ഒരു ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ പാക്കിസ്ഥാനിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാണിത്.
മുൻപ് പാക്കിസ്ഥാൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന ഹാഫിസ് ഉദ്ദീൻ അഹമ്മദ്, 1971-ലെ യുദ്ധത്തിൽ പോരാടുകയും പിന്നീട് ധീരതയ്ക്കുള്ള ബംഗ്ലാദേശിന്റെ സൈനിക ബഹുമതിയായ ‘ബിർ ബിക്രം’ നേടുകയും ചെയ്ത വ്യക്തിയാണ്.1971-ൽ ബംഗാളികൾ ജനാധിപത്യമാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ ആ അവകാശം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1975-ൽ ബംഗ്ലാദേശിൽ ഏകകക്ഷി ഭരണം നടപ്പിലാക്കിയതിനെ വിമർശിച്ച അദ്ദേഹം, രാജ്യത്ത് ഇതുവരെ യഥാർത്ഥ ജനാധിപത്യം ഉണ്ടായിട്ടില്ലെന്ന് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, 2026 ഫെബ്രുവരിയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഹാഫിസ് ഉദ്ദീൻ അഹമ്മദ്, പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യ വിസമ്മതിക്കുകയാണെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ICJ) സമീപിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. കൂടാതെ, അടുത്തിടെ ധാക്ക സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാക് ഫുട്ബോൾ ഫൈനലിൽ കാണികളിൽ 99.9 ശതമാനവും പാക്കിസ്ഥാനെയാണ് പിന്തുണച്ചതെന്നും പാക്കിസ്ഥാൻ ജനങ്ങളുടെ ഹൃദയം കീഴടക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർ-പാർലമെന്ററി യൂണിയൻ (IPU) എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബംഗ്ലാദേശ് സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് പാക്കിസ്ഥാനെ പ്രശംസിച്ച സ്പീക്കർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.








