ഏകീകൃത സിവിൽ കോഡ് (UCC) വിഷയത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടന എല്ലാ പൗരന്മാർക്കും ഒരേ നിയമം ഉറപ്പാക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും എന്നാൽ രാഹുൽ ഗാന്ധി അതിനെ എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 26-ന് ഡൽഹിയിൽ നടന്ന ഭരണഘടനാ ദിനാഘോഷമായ ‘സംവിധാൻ ഗൗരവ് ദിവസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാക്കുന്നതിനോട് ഭരണഘടനാ ശിൽപ്പികൾക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നും ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം ലഭിക്കണമെന്നതാണ് ഭരണഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ഭരണഘടനയിലെ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം നടപ്പാക്കുകയാണ് UCCയുടെ പ്രധാന ലക്ഷ്യം. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ UCC മാതൃകയും അദ്ദേഹം പരാമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുമെന്നും നേരത്തെയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളും വ്യക്തിനിയമങ്ങളും സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ചില സാമൂഹിക സംഘടനകളും ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ UCC രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇതിനിടെ ഭരണഘടനാ ദിനത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ഭരണഘടനയുടെ പകർപ്പുമായി പൊതുവേദികളിൽ എത്തുന്നവർ അതിന്റെ യഥാർഥ ആശയം മനസ്സിലാക്കണമെന്നും പാർലമെന്റ് ലൈബ്രറിയിലെത്തി ഭരണഘടനയുടെ മൂലപ്രതി പരിശോധിക്കാൻ 15 മിനിറ്റ് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശസ്ത ചിത്രകാരൻ നന്ദലാൽ ബോസ് വരച്ച ചിത്രങ്ങൾ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീരാമൻ, ബുദ്ധൻ, മഹാവീരൻ, ഗുരു ഗോബിന്ദ് സിങ്, റാണി ലക്ഷ്മിബായി, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രങ്ങൾ അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ കേവലം ഒരു പുസ്തകമായി കാണാതെ അതിന്റെ ചരിത്രവും മൂല്യങ്ങളും മനസ്സിലാക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.












