ലോക്ഡൗൺ ലംഘിച്ചു കറങ്ങാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇനി പോലീസ് കേസെടുക്കുക പുതിയ നിയമപ്രകാരം.ഇത് സംബന്ധിച്ച് സമ്പൂർണ്ണ മാർഗ നിർദേശം സംസ്ഥാന സർക്കാർ പോലീസിന് നൽകിക്കഴിഞ്ഞു.അനാവശ്യമായി പുറത്തിറങ്ങി രോഗം വ്യാപിപ്പിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നിരുന്നു. ഗവർണർ ഒപ്പിട്ടതോടെ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. പുതിയ നിയമപ്രകാരം, ലോക് ഡൗൺ ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക. അടച്ചുപൂട്ടലിനെ കൂസാതെ പുറത്തിറങ്ങുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന് മുഖ്യമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്.സർക്കാർ ജനസമ്പർക്കം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ വലിയ തോതിൽ പുറത്തിറങ്ങുന്നത് അനുവദിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
Discussion about this post