ഒരു മരത്തിന്റെ പരിചരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 15 ലക്ഷം രൂപ; കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍; അറിയാം ഈ വൃക്ഷം വിവിഐപി ആകാനുള്ള കാരണം

Published by
Brave India Desk

പതിനഞ്ച് ലക്ഷം രൂപയോളം വര്‍ഷം ചെലവഴിച്ച്‌ പരിചരിക്കുന്ന ഒരു മരമുണ്ട് മദ്ധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയിൽ. ഈ മരത്തിന് ഇരുപത്തിനാല് മണിക്കൂറും കനത്ത സുരക്ഷയാണ് നല്‍കിവരുന്നത്. കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്. ഒരു ഇല കൊഴിഞ്ഞാല്‍ പോലും ജില്ലാ ഭരണകൂടത്തിന് ടെന്‍ഷനാണ്.

മരത്തിനുവേണ്ട വെള്ളം ശേഖരിക്കുന്നതിനായി ഒരു പ്രത്യേക വാട്ടര്‍ ടാങ്കും സമീപത്ത് നിര്‍മിച്ചിട്ടുണ്ട്. ആഴ്ചതോറും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരത്തിന്റെ നില വിലയിരുത്തുന്നു. വൃക്ഷത്തിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി മാസത്തില്‍ രണ്ട് തവണ മെഡിക്കല്‍ ചെക്കപ്പ് നടത്താറുണ്ട്.

മൃഗങ്ങളും മനുഷ്യരും മരം നശിപ്പിക്കാതിരിക്കാന്‍ ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും വിവിഐപി പരിഗണന ഈ വൃക്ഷത്തിന് നല്‍കാനൊരു കാരണമുണ്ട്. എന്താണെന്നല്ലേ? സാക്ഷാല്‍ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യഥാര്‍ത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയില്‍ എത്തിച്ച്‌ അവിടെ നട്ടു വളര്‍ത്തിയിരുന്നു.

2012ല്‍ ഇന്ത്യയിലെത്തിയ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സ അനുരാധപുരയിലെ ബോധിവൃക്ഷത്തില്‍ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്നുകാണുന്ന ഈ മരം. 20 അടി ഉയരമാണ് ഈ ബോധിവൃക്ഷത്തിനുള്ളത്. കൊവിഡിന് മുന്‍പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ആളുകള്‍ ഈ മരത്തെ കാണാന്‍ എത്തിയിരുന്നു.

Share
Leave a Comment

Recent News