ബെയ്ജിംഗ്: പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ചതിനെ തുടർന്ന് ചൈനീസ് റോക്കറ്റ് ടിയാൻലോംഗ്-3 ഞായറാഴ്ച തകർന്നുവീണതായി റിപ്പോർട്ട്. വിക്ഷേപണ കമ്പനിയായ സ്പേസ് പയനിയർ പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ഈ വാർത്ത ലോകമറിഞ്ഞത്. ഇതിനെ തുടർന്ന് രൂക്ഷമായ പരിഹാസമാണ് സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. മെയ്‌ഡ് ഇൻ ചൈനയല്ലേ ഇത്ര പ്രതീക്ഷിച്ചാൽ മതി, ഇന്ത്യയുടെ ഐ എസ് ആർ ഓ യോട് കളിക്കാൻ നിങ്ങൾ വളർന്നിട്ടില്ല എന്ന് തുടങ്ങിയാണ് പരിഹാസങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
അമേരിക്കൻ മാദ്ധ്യമം ആയ സിഎൻഎൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . റിപ്പോർട്ട് അനുസരിച്ച്, ടിയാൻലോംഗ് -3 റോക്കറ്റിൻ്റെ ആദ്യ ഘട്ടം ഘടനാപരമായ തകരാർ കാരണം പരീക്ഷണത്തിനിടെ വിക്ഷേപണ പാഡിൽ നിന്ന് വേർപെടുത്തിയപ്പോഴാണ് സംഭവം. റോക്കറ്റ് പിന്നീട് മധ്യ ചൈനയിലെ ഗോംഗി നഗരത്തിലെ ഒരു കുന്നിൻ പ്രദേശത്താണ് പതിച്ചത്.
റോക്കറ്റ് ബോഡിയും ടെസ്റ്റ് പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധത്തിൻ്റെ ഘടനാപരമായ പരാജയം കാരണം, ആദ്യ ഘട്ടത്തിൽ തന്നെ റോക്കറ്റ് വിക്ഷേപണ പാഡിൽ നിന്ന് വേർപെടുകയായിരുന്നു.
“ലിഫ്റ്റ്ഓഫിന് ശേഷം, ഓൺബോർഡ് കമ്പ്യൂട്ടർ യാന്ത്രികമായി ഷട്ട്ഡൗൺ ചെയ്തു, കൂടാതെ റോക്കറ്റ് ടെസ്റ്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് 1.5 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ആഴത്തിലുള്ള പർവതങ്ങളിലേക്ക് വീണു. റോക്കറ്റ് ബോഡി പർവതത്തിൽ വീണ് ചിതറിപ്പോയി.” ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കിയതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു.








