ന്യൂ ഡൽഹി:ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് മടങ്ങിയെത്താൻ വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎസ്ആർഒ മേധാവി ഡോ എസ് സോമനാഥ്.സുനിത മാത്രമല്ല സ്റ്റാർലൈനറിൽ ഉള്ളത്. അവരുടെയൊപ്പം ഒമ്പത് പേരുണ്ട്. ഈയവസരത്തിൽ അവർ കുടുങ്ങിക്കിടക്കുകയാണ് എന്നതരത്തിലുള്ള സംസാരമല്ല വേണ്ടത്. അവർക്കെല്ലാം ഭൂമിയിൽ സുരക്ഷിതരായി ഇറങ്ങാനാകും. എന്നാൽ സ്റ്റാർലൈനറിന്റെ പ്രവർത്തനശേഷി പരിശോധിക്കേണ്ടതും നിർണായകമാണ്’; അദ്ദേഹം പറഞ്ഞു.
സ്റ്റാർലൈനർ പോലൊരു ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുമ്പോൾ ഇന്നത്തെ ചോദ്യം അത് മുന്നോട്ടുള്ള യാത്രകൾക്കും തിരിച്ചുമുള്ള യാത്രകൾക്കും വിശ്വസനീയമായി പ്രവർത്തിക്കാൻ കഴിയുമോ എന്നതായിരിക്കണമെന്ന് ഇസ്രോ ചെയർമാൻ കൂട്ടിച്ചേർത്തു.
സുനിത വില്യംസിൻ്റെ ധൈര്യത്തിൽ ഐഎസ്ആർഒയ്ക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഞങ്ങൾ എല്ലാവരും അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. അവർ നിരവധി ദൗത്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. സുനിതയെ ഓർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമാണെന്നും ഒരു പുതിയ പേടകത്തിന്റെ ആദ്യ ദൗത്യത്തിൽത്തന്നെ ഇത്തരത്തിൽ പങ്കെടുക്കാൻ അപാരമായ ധൈര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. സുനിതയ്ക്ക് ഞങ്ങൾ എല്ലാവരേക്കാളും കൂടുതൽ പരിചയസമ്പത്ത് ഉണ്ടെന്നും അവർ ഉടനെ ഭൂമിയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും ഡോ എസ് സോമനാഥ് പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ഉപദേഷ്ടാവായി ഐഎസ്ആർഒ അവരുടെ സേവനം സ്വീകരിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആശയങ്ങൾ നിർദ്ദേശിക്കുന്ന ആരെയും ബഹിരാകാശ ഏജൻസി എപ്പോഴും സ്വാഗതം ചെയ്യുന്നതായി ഡോ. സോമനാഥ് പറഞ്ഞു. സുരക്ഷ പ്രധാനമെങ്കിലും, ഇത്തരം പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്നത് നമ്മൾ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുപോലെ ഒരു ടെക്നോളജി ഏതെങ്കിലും രാജ്യത്തിന് നിർമിക്കാൻ സാധിക്കുമോ എന്നാണ് നമ്മൾ പരിശോധിക്കേണ്ടത്. ഈ ഒരു ദൗത്യം ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. നാളെ നമ്മുടെയൊക്കെ പേടകം ഇത്തരത്തിൽ ബഹിരാകാശത്ത് പോയി രക്ഷാപ്രവർത്തന ചുമതലകൾ നിറവേറ്റില്ലെന്ന് ആര് കണ്ടു ?’; സോമനാഥ് പറഞ്ഞു.
Discussion about this post