തിരുവനന്തപുരം; കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് സംഭവം. 1,000 ലിറ്റർ ഡീസലിന്റെ കുറവാണ് കണ്ടെത്തിയത്. 15,000 ലിറ്ററിൻെ ടാങ്കറിലുണ്ടായിരുന്നത് 14,000 ലിറ്റർ മാത്രം. വെട്ടിപ്പ് ജീവനക്കാർ കണ്ടെത്തിയതോടെ 1,000 ലിറ്റർ ഡീസൽ എത്തിക്കുകയായിരുന്നു. വെട്ടിപ്പ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ ഏകദേശം 96,000 രൂപയുടെ നഷ്ടം കെഎസ്ആർടിസിയ്ക്ക് ഉണ്ടായേനെ. നെടുമങ്ങാട് എംഎസ് ഫ്യുവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസലെത്തിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെത്തുന്ന ഡീസലിൻറെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതി പറഞ്ഞിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ ശ്രമിച്ചില്ല.
നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്. മെക്കാനിക്കിൻറെയും ഡ്രൈവറുടെ പിടിപ്പുകേട് കൊണ്ടാണ് മൈലേജ് കിട്ടാത്തത് എന്ന് ചൂണ്ടിക്കാട്ടി ഡിപ്പോയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
സഹികെട്ട് കഴിഞ്ഞ ദിവസം രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് ഡീസലിലെ കുറവ് വ്യക്തമായത്. 1000 ലിറ്ററിൻറെ കുറവാണ് കണ്ടെത്തിയത്.
Discussion about this post