സാൻഫ്രാൻസിസ്‌കോയിൽ ത്രിവർണപതാകയുമേന്തി പ്രകടനം നടത്തി ഇന്ത്യൻ വംശജർ. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഇന്ത്യക്കാർക്കും നേരെ ഖാലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും, ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇവർ ഒത്തുകൂടിയത്.
ഈ പ്രകടനത്തിന് എതിരെയും ചില ഖാലിസ്ഥാൻവാദികൾ ആക്രോശവുമായി എത്തിയിരുന്നു. എന്നാൽ ഇന്ത്യക്കാർ ഉച്ചത്തിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയുമാണ് ഇതിന് മറുപടി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു.കോൺസുലേറ്റ് ഗ്രൗണ്ടിനുള്ളിൽ കടന്ന പ്രതിഷേധക്കാർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ഖാലിസ്ഥാന്റെ പതാകകൾ ഉയർത്തുകയും ചെയ്തിരുന്നു. സുരക്ഷയ്ക്കായി സ്ഥാപിച്ച ബാരിക്കേഡുകൾ അടക്കം അക്രമികൾ നശിപ്പിച്ചിരുന്നു. ഖാലിസ്ഥാൻ പതാകകൾ കോൺസുലേറ്റിലെ ജീവനക്കാർ പിന്നീട് നീക്കം ചെയ്തു.
കഴിഞ്ഞ ഏതാനും നാളുകളായി കാനഡ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി വരികയായിരുന്നു. പലയിടങ്ങളിലും ക്ഷേത്രങ്ങളുൾപ്പെടെ അക്രമികൾ അടിച്ച് തകർത്തിരുന്നു. ലണ്ടനിലും ഖാലിസ്ഥാൻ വാദികളുടെ ആക്രമണത്തിനെതിരെ ഇന്ത്യൻ വംശജർ ഒത്തുകൂടിയിരുന്നു.












