കൊച്ചി: മൊബൈൽ ഷോപ്പിൽ ഐഫോൺ വാങ്ങി പണം നൽകാതെ മുങ്ങിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ ആസാദ് യാസീം, നൗഫൽ ടിഎൻ എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം പെന്റാ മേനകയിലെ മൊബൈൽ ഷോപ്പിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഷോപ്പിലെത്തിയ യുവാക്കൾ, 60,000 രൂപയുടെ രണ്ട് ഐഫോൺ വാങ്ങി. ബന്ധുവിന്റെ അക്കൗണ്ടിൽ നിന്നും പണം വരുമെന്നും പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങുകയായിരുന്നു.
യുവാക്കൾ പോയതിന് ശേഷം സംശയം വന്ന കടയുടമ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നില്ലെന്ന് മനസിലായി. ഉടനെ തന്നെ യുവാക്കളെ വിളിച്ചെങ്കിലും പലതും പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നാലെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി.












