കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാർ. കോഴിക്കോട് നിന്നും കാസർകോട്ടേക്ക് ഇയാൾ ട്രാൻസ്ഫർ ആയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസികപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കസബ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.












