ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അംഗബലം വർദ്ധിപ്പിക്കാൻ എൻഡിഎ. ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ ചേരുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ തീരുമാനം ആയാൽ പ്രഖ്യാപനം ഉടനുണ്ടാകും. ബിജെപി- ടഡിപി വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ ടിഡിപിയ്ക്ക് 18 സീറ്റുകളും, പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും, ബിജെപിയ്ക്ക് അഞ്ച് സീറ്റുകളും നൽകാൻ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ആകെ 25 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രാപ്രദേശിൽ ഉള്ളത്.
കഴിഞ്ഞ ആഴ്ച ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടിഡിപി എൻഡിഎയിൽ ചേരുമെന്ന വാർത്ത പുറത്തുവരുന്നത്. ഇത് തെലങ്കാനയിൽ എൻഡിഎയ്ക്ക് നേട്ടമാകും. അടുത്തിടെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എൻഡിഎയിൽ ചേർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎൽഡി എൻഡിഎയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ടിഡിപിയും എൻഡിഎയിൽ ചേരാൻ ഒരുങ്ങുന്നത്.
Leave a Comment