ന്യൂഡൽഹി : അഞ്ചാം നൂറ്റാണ്ടിലെ ശൈലിയിൽ നിർമ്മിച്ച ഒരു തുന്നിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുകയാണ്. കാർവാർ നാവിക താവളത്തിൽ ആണ് ഇന്ത്യൻ നാവികസേനയുടെ ഈ വിശിഷ്ടമായ കപ്പൽ സ്ഥാപിച്ചിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടിലെ ശൈലിയിൽ തുന്നിച്ചേർത്ത് നിർമ്മിച്ച ഈ കപ്പലിന്റെ നിർമ്മാണത്തിൽ മുഖ്യപങ്കുവഹിച്ചത് ഒരു മലയാളിയാണ് എന്നുള്ളത് കേരളത്തിനും അഭിമാനകരമാണ്.

അജന്ത ഗുഹകളിലെ ഒരു പുരാതന ചിത്രരചനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കപ്പൽ നിർമ്മിച്ചിട്ടുള്ളത്. പ്രമുഖ കപ്പൽ ഡിസൈനർ ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കരകൗശല വിദഗ്ധരുടെ സംഘമാണ് ഈ കപ്പൽ നിർമ്മിച്ചിട്ടുള്ളത്. സാംസ്കാരിക മന്ത്രാലയം ധനസഹായം നൽകുന്ന ഈ പദ്ധതി ഇന്ത്യൻ നാവികസേനയും മന്ത്രാലയവും ഹോഡി ഇന്നൊവേഷൻസും തമ്മിൽ 2023 ജൂലൈയിൽ ഒപ്പുവച്ച ഒരു ത്രികക്ഷി കരാറിലൂടെയാണ് ആരംഭിച്ചത്.

2023 സെപ്റ്റംബറിൽ ആണ് കപ്പലിന്റെ കീൽ സ്ഥാപിച്ചത്. പരമ്പരാഗത രീതികളും പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ചാണ് ഈ കപ്പൽ പൂർണ്ണമായും നിർമ്മിച്ചിട്ടുള്ളത്. പുരാതന ശൈലിയിൽ തടിയിൽ ദ്വാരങ്ങൾ സൃഷ്ടിച്ച് അവ തമ്മിൽ ചേർത്തു തുന്നിയാണ് ഈ തുന്നിക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് സന്ധികളാണ് ഈ കപ്പലിൽ ഉള്ളത്. പരമ്പരാഗത കരകൗശല വിദഗ്ധർ, നാവിക വാസ്തുശില്പികൾ, ഐഐടി മദ്രാസിലെ സമുദ്ര എഞ്ചിനീയറിംഗ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് അഞ്ചാം നൂറ്റാണ്ടിലെ ശൈലിയിലുള്ള തുന്നിക്കപ്പൽ പൂർത്തീകരിച്ചിട്ടുള്ളത്.
ലോകത്തിലെവിടെയും നാവിക സേവനത്തിലുള്ള ഏതൊരു കപ്പലിൽ നിന്നും വ്യത്യസ്തമാണ് പുരാതന ശൈലിയിലുള്ള ഈ കപ്പൽ. കലാപരമായ ചിത്രീകരണത്തിൽ നിന്ന് പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കടൽ യാത്രാ കപ്പലിന് ജീവൻ നൽകുന്ന ആദ്യ സംരംഭമാണ് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്.
2025 മെയ് 21 ന് കാർവാറിലെ നാവിക താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേന ഈ പുരാതന തുന്നിക്കപ്പലിന്റെ പേര് അവതരിപ്പിക്കുകയും അനാച്ഛാദനം ചെയ്യുകയും ചെയ്യും. കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിൽ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.









Discussion about this post