തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്.
കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന് പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൂര്യാഘാതവും സൂര്യതാപവും ഏൽക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതം മരണത്തിലേക്ക് നയിക്കാൻ വരെ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം.
*പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
*ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ നിന്നും കായിക വിനോദങ്ങളിൽ നിന്നും പരമാവധി വിട്ടു നിൽക്കുക.
*ധാരാളം വെള്ളം കുടിക്കുക.
*പുറത്തിറങ്ങുമ്പോൾ കുടയും പാദരക്ഷയും ധരിക്കുക.
*പുറത്തുള്ള ജോലികൾക്കിടയിൽ ഇടക്കിടെ വിശ്രമം നൽകുക.
*നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
*കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കരുതൽ നൽകുക.
Discussion about this post