മഞ്ഞപ്പിത്ത വ്യാപനത്തിന് സാദ്ധ്യത; നാല് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

Published by
Brave India Desk

തിരുവനന്തപുരം: മഞ്ഞപ്പിത്തം വ്യാപിപ്പിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് വീണാ ജോർജ് പറഞ്ഞു. നാല് ജില്ലകളിലുള്ളവർ പ്രത്യേകം ജാഗ്രത പുലർത്തണം എന്നും വീണാ ജോർജ് വ്യക്തമാക്കി.

വിനോദ യാത്രയ്ക്ക് പോയി മടങ്ങി വരുന്നവർ ജാഗ്രത പാലിക്കണം. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഐസ്, ശീതളപാനീയങ്ങൾ എന്നിവ വഴിയും മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുമ്പോഴും മഞ്ഞപ്പിത്തത്തിന് കാരണം ആയ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. അതിനാൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. മഞ്ഞപ്പിത്തത്തിന്റെ എന്തെങ്കിലും ലക്ഷണം കണ്ടു തുടങ്ങിയാൽ ഉടൻ ചികിത്സ തേടണം. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സ നൽകണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലുളളവർ പ്രത്യേകം ജാഗ്രത പാലിക്കണം. ഈ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിച്ചു. മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകിയെന്നും വീണാ ജോർജ് വ്യക്തമാക്കി.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ നൽകാവൂ എന്ന് ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ തയ്യാറാക്കാവു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപ് കുടിവെള്ള സ്രോതസ്സുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

Share
Leave a Comment

Recent News