രാമായണരചന
സാക്ഷാൽ വാല്മീകിയാണല്ലൊ രാമായണം രചിച്ചത്. അദ്ദേഹമാണ് ആദി കവി. രാമായണം ആദികാവ്യവും.
എന്തായിരുന്നു രാമായണത്തിന്റെ രചനയുടെ പശ്‌ചാത്തലം?
ഒരിക്കൽ വാല്മീകിയും നാരദനും തമ്മിൽ കണ്ടുമുട്ടി.
‘മഹർഷേ,എല്ലാവിധത്തിലും ശ്രേഷ്ഠനായ മനുഷ്യൻ ആരാണ്?’ വാല്മീകി അന്വേഷിച്ചു.
‘മറ്റാരുമല്ല,ശ്രീരാമൻതന്നെ.’നാരദൻ മറുപടി നൽകി.
തുടർന്ന് നാരദൻ ശ്രീരാമന്റെ കഥ ചുരുക്കിപ്പറഞ്ഞു.
മഹർഷി യാത്രയായതിനുശേഷമോ? വാല്മീകിയുടെ മനസ്സിൽ ശ്രീ രാമകഥ നിറഞ്ഞുനിന്നു. തമസാ നദിക്ക് അടുത്തുള്ള ആശ്രമത്തിലാണ് അദ്ദേഹം പാർക്കുന്നത്. ഭരദ്വാജൻ എന്നൊരു ശിഷ്യനുമുണ്ട് അദ്ദേഹത്തിന്. ഭരദ്വാജനെയും കൂട്ടി അദ്ദേഹം തമസാനദിയുടെ തീരത്തിലേക്കു പോയി. ഒരു വൃക്ഷത്തിൽ രണ്ട് ക്രൗഞ്ചപ്പക്ഷികൾ ഒന്നിച്ചിരുക്കുന്നു. പതുങ്ങിയിരുന്ന ഒരു വേടൻ പക്ഷികളെ കാണാനിടയായി. അവൻ വില്ലുയർത്തി അമ്പു തൊടുത്തയച്ചു. അമ്പ് ആൺപക്ഷിയുടെ ശരീരത്തിൽ ചെന്നു തറച്ചു. ആൺപക്ഷി ചോര തെറിപ്പിച്ച് നിലത്തുവീണു പിടഞ്ഞുചത്തു. പെൺപക്ഷി ശോകാർത്തയായി നിലവിളിച്ചു. കണ്ടുനിന്ന വാല്മീകിയുടെ ഹൃദയത്തിൽ കരുണ നിറഞ്ഞുതുളുമ്പി. അദ്ദേഹം താനറിയാതെ പറഞ്ഞു പോയി:
‘മാ നിഷാദ ഭവാൻ നേടു –
കേറെ നാൾ നിലനില്പിനെ
കൊന്നല്ലോ ക്രൗഞ്ചയുഗ്മത്തിൽ-
ക്കാമപ്പിച്ചാളുമാണിനെ!’
(പരിഭാഷ, വള്ളത്തോൾ)
അത്രയും ഉച്ചരിച്ചപ്പോൾ ഒന്നു തോന്നി. എന്താണ് താൻ ഉച്ചരിച്ചത്? അതിനു ചില മുറകളുണ്ട്. പ്രത്യേകമായ ഒരു താളവുമുണ്ട്. ശോകത്തിൽ നിന്ന് ഉദിച്ചതാണ് ആ വരികൾ. അങ്ങനെ അതൊരു ശ്ലോകമായിരിക്കുന്നു! വാല്മീകി ആ വിവരം ഭരദ്വാജനോടു പറഞ്ഞു. പിന്നീടു നദിയിലിറങ്ങി സ്നാനം ചെയ്തു. അതിനുശേഷം ആശ്രമത്തിലേക്കു മടങ്ങിപ്പോയി. കുടത്തിൽ വെള്ളം കോരിക്കൊണ്ട് ശിഷ്യൻ ഗുരുവിനെ അനുഗമിച്ചു.
താമസിയാതെ ബ്രഹ്മാവ് വന്നെത്തി.
വാല്മീകി ബ്രഹ്മാവിനെ ഭക്തിയോടെ വണങ്ങി.
‘വാല്മീകി, ആ ശോകം നിന്റെ മനസ്സിൽ തോന്നിയില്ലേ? അത് എന്റെ ഇച്ഛപ്രകാരം ആയിരുന്നു. നാരദൻ നിന്നെ രാമകഥ കേൾപ്പിച്ചുവല്ലൊ? നീ രാമകഥ മുഴുവൻ ശ്ലോകങ്ങളിൽ ചമയ്ക്കണം. അറിയാത്ത ഭാഗങ്ങൾ നിനക്കു തനിയെ തോന്നിക്കൊള്ളും. അപ്പോൾ ഒരു കാവ്യം ഉണ്ടായിവരും. ആ കാവ്യത്തിൽ ഒരൊറ്റ പാഴ് വാക്കും കാണുകയില്ല. ഭൂമിയിൽ നദികളും പർവ്വതങ്ങളും എക്കാലത്തോളം നിലനിൽക്കുമോ? അക്കാലത്തോളം രാമായണകാവ്യവും നിലനിൽക്കും.’ ബ്രഹ്മാവ് അരുളിച്ചെയ്തിട്ട് അപ്രത്യക്ഷനായി.
എന്നാലിനി രാമായണം ചമയ്ക്കുകതന്നെ. അതായി വാല്മീകിയുടെ ദൃഢമായ നിശ്‌ചയം. അദ്ദേഹം സ്നാനംചെയ്ത് ശുദ്ധനായി ദർഭപ്പുല്ലിൽ കിഴക്കോട്ടു തിരിഞ്ഞ് ഇരുന്നു. അതിനുശേഷം ധ്യാനത്തിൽ മുഴുകി. യോഗബലത്താൽ ശ്രീരാമകഥയിലെ സംഭവങ്ങൾ കാണുകയായി. അതോ, നാം ഉള്ളംകൈയിലെ അമ്പഴങ്ങ കാണുന്ന സ്ഫുടതയോടുകൂടിയതും. സകലതും ഹൃദയത്തിൽ മായാതെ പതിഞ്ഞു. അദ്ദേഹം എഴുതുകയുംചെയ്തു. രാമായണം പൂർത്തിയായപ്പോഴോ? ഇരുപത്തിനാലായിരം ശ്ലോകങ്ങൾ. ഓരോ ശ്ലോകവും ഒരു മുത്തുപോലെ!
(വാല്മീകിരാമായണം)
(പുരാണകഥാമാലിക)
മാലി
Discussion about this post