തൃശ്ശൂർ : തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ അപകടത്തിൽപ്പെട്ട പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. പ്ലസ് വൺ വിദ്യാർഥിനിയായ പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയോടെ എറിന്റെ മരണം സംഭവിച്ചത്.
സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തിൽ പെട്ടത്. അപകടത്തിൽ നേരത്തെ വിദ്യാർത്ഥിനികളായ
അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ മരിച്ചിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയായ പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് 13-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയ അഞ്ച് കൂട്ടുകാരികളാണ് ഡാം റിസർവോയർ കാണാനായി എത്തിയിരുന്നത്. പാറപ്പുറത്ത് ഇരിക്കുന്നതിനിടെ കാൽ വഴുതി രണ്ടു കൂട്ടുകാരികൾ താഴെ വീണതോടെ രക്ഷിക്കാനായി ശ്രമിച്ച മറ്റു രണ്ടു കൂട്ടുകാരികൾ കൂടി അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളുമാണ്.
Leave a Comment