വയനാട് : വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ സഞ്ചരിച്ചിരുന്ന സംഘം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കെതിരായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്.
മാനന്തവാടി കൂടൽകടവിലാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്.
വയനാട് പനമരം സ്വദേശികളായ നബീൽ കമർ, വിഷ്ണു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിലെ മറ്റു രണ്ട് പ്രതികളായ പച്ചിലക്കാട് സ്വദേശികൾ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവരെ ഇന്ന് പോലീസ് പിടികൂടിയിരുന്നു. ഈ നാലംഗ സംഘമാണ് ക്രൂരകൃത്യം നടത്തുന്ന സമയത്ത് കാറിൽ ഉണ്ടായിരുന്നത്.
മുഹമ്മദ് അർഷിദും അഭിരാമും കൽപ്പറ്റയിൽ നിന്നാണ് പിടിയിലായിരുന്നത്. കർണാടകയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരും വഴിയാണ് ഇവർ പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. സംഭവ സമയത്ത് ഇവർ നാലുപേരും ലഹരി ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്ന് സംഭവത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്ന മാതൻ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Discussion about this post