നിലമ്പൂർ; പശു ഫാമിന്റെ മറവിൽ എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം.മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയൻ അബൂബക്കറാണ് (37) പിടിയിലായത്.
ഫാമിൽ നിർത്തിയിട്ടിരുന്ന പ്രതിയുടെ കാറിൽ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കുറച്ചുനാളുകളായി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം പശു ഫാമും പരിസരവും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടർന്നാണ് നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് നിലമ്പൂർ എസ്എച്ച്ഒ മനോജ് പറഞ്ഞു.മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് എംഡിഎംഎ ലഭിച്ചത് എവിടെ നിന്നാണെന്നും ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി
Discussion about this post