തിരുവനന്തപുരം : കേരളത്തിലെ ഭക്ഷ്യ സംരംഭകർക്കെല്ലാം ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം , വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട സംരംഭകർക്കെല്ലാം ലൈസൻസ് നിർബന്ധമാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ രജിസ്ട്രേഷന് മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.
നിലവിൽ സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്പന നടത്തുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് മാത്രമെടുത്ത് പ്രവർത്തിക്കാൻ കഴിയുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.










